കശ്മീർ വിഷയത്തിൽ ആർക്കാണിത്ര പേടി?























ഒരു രാജ്യം, ഒരു നിയമം എന്നതിൽ നിന്നും വിഭിന്നമായി രാജ്യത്ത് പ്രത്യേക പദവിയുള്ള സംസ്ഥാനമാണ് ജമ്മു കശ്മീർ. 

എന്തൊക്കെയാണ് ആ പ്രത്യേക ആനുകൂല്യങ്ങൾ? 

ആർട്ടിക്കിൾ 35 എ / ആർട്ടിക്കിൾ 370 തുടങ്ങിയ രണ്ട് വകുപ്പുകൾ പ്രകാരമാണ് കാശ്മീരിന് പ്രത്യേക പദവി നൽകിയിരിക്കുന്നത്. 

എന്താണ് ആർട്ടിക്കിൾ 370?

ഇന്ത്യൻ സ്വാതന്ത്രാനന്തരം തനിയെ നിലകൊണ്ട നാട്ടുരാജ്യമായിരുന്ന കാശ്മീരിനെ പാകിസ്താന്റെ പിന്തുണയോടെ പഠാണി ഗോത്ര വർഗം ആക്രമിച്ചപ്പോൾ ലയന ഉടമ്പടിയിൽ ഒപ്പിട്ട് ഹരിസിംഗിന്റെ ജമ്മു കാശ്മീർ 1947 ഒക്ടോബർ 26 ഇന്ത്യയിൽ ലയിക്കുകയായിരുന്നു

അന്ന് ജവാഹർലാൽ നെഹ്രുവിന്റെ ഉറപ്പിന്മേൽ നൽകപ്പെട്ടതാണ് ആർട്ടിക്കിൾ 370 ന്മേൽ ഉള്ള പ്രത്യേക പദവി. 






























എന്തൊക്കെയാണ് ആ പ്രത്യേക അധികാരങ്ങൾ? 

01. കാശ്മീരിന് ദേശീയ പതാകയ്ക്ക് പുറമെ പ്രത്യേക പതാകയും, പ്രത്യേക ഉപ ഭരണ ഘടനയുമുണ്ട്. 

02. പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം എന്നീ വകുപ്പുകളിൽ മാത്രമാണ് ഇന്ത്യൻ പാർലമെന്റ്  നടപ്പാക്കുന്ന തീരുമാനങ്ങളിൽ ഉൾപ്പെടുന്നത് മറ്റു വകുപ്പുകളിൽ നടപ്പാക്കാൻ സംസ്ഥാന സർക്കാരിന്റെ അംഗീകാരം കൂടി ആവശ്യമാണ്. 

03. പക്ഷെ ഈ പദവികൾ ഉപയോഗിച്ച് ഇന്ത്യയിൽ നിന്നു വിട്ടുപോകാനുള്ള അധികാരവും കാശ്മീരിനില്ല.

04. പ്രത്യേക പദവികൾ ഉണ്ടെങ്കിലും 1952 ലെ ദില്ലി കരാർ പ്രകാരം കാശ്മീരികളെല്ലാവരും ഇന്ത്യൻ പൗരന്മാർ തന്നെയാണ്. 

05. മറ്റെല്ലാ സംസ്ഥാനങ്ങളിലേതിന് സമാനമായ മതേതരത്വം നിയമവിധേയമായ സംസ്ഥാനമാണ് കാശ്മീർ. 

എന്താണ് ആർട്ടിക്കിൾ 35 എ? 

1954 ഇൽ ജവാഹർലാൽ നെഹ്‌റു മന്ത്രിസഭയുടെ നിർദ്ദേശപ്രകാരം അന്നത്തെ രാഷ്ട്രപതിയായിരുന്ന രാജേന്ദ്ര പ്രസാദ് ആണ് ആർട്ടിക്കിൾ 370 നോടൊപ്പം ആർട്ടിക്കിൾ 35 എ കൂട്ടിച്ചേർക്കുന്നത് 

ജമ്മു കശ്മീരിലെ സ്ഥിരം താമസക്കാർക്ക്‌ പ്രത്യക അവകാശങ്ങൾ നൽകുന്നതാണ് ആർട്ടിക്കിൾ 35 എ 

എന്താണ് ആ അവകാശങ്ങൾ? 

01. കശ്മീരിൽ ഭൂമി സ്വന്തമാക്കാൻ കാശ്മീരികൾക്കു മാത്രമേ സാധിക്കു. 

02. ജമ്മു കശ്മീരിലെ വിദ്യാഭാസ സ്ഥാപനങ്ങളിൽ പഠിക്കാനും, സർക്കാർ സ്കോളർഷിപ് നേടാനോ, സർക്കാർ ജോലി നേടാനോ കാശ്മീരികൾക്കെ അനുമതിയുള്ളു.

03. ഒരു കാശ്മീരി വനിത കാശ്മീരിന് പുറത്തു നിന്നുള്ള ഒരാളെ വിവാഹം കഴിക്കുകയാണെങ്കിൽ അവർക്കു കശ്മീരിലെ ഭൂമിയിലെ അവകാശം നഷ്ട്ടമാകും.

സുനന്ദ പുഷ്‌ക്കറിന്റെ കാര്യത്തിൽ നമ്മളിൽ ചർച്ച ചെയ്ത കാര്യങ്ങൾ ഓർമയിൽ വരുന്നു.

ആരാണ് കാശ്മീരി? 

ആർട്ടിക്കിൾ 35 എ പ്രകാരം കാശ്മീർ സർക്കാരിന് മാത്രമാണ് സ്ഥിരതാമസക്കാരുടെ കാര്യത്തിൽ തീർപ്പുകൽപ്പിക്കുന്നതിനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത്. 


ആരാണ് കശ്മീരി പണ്ഡിറ്റുകൾ? 

കാശ്മീർ താഴ്‌വരയിൽ താമസിച്ചിരുന്ന ബ്രാഹ്മണ വിഭാഗമാണ് കാശ്മീരി പണ്ഡിറ്റുകൾ. നിരവധി കൂട്ടക്കൊലകളുടെയും,  വംശീയ ഉന്മൂലനാശനങ്ങളുടെയും ഫലമായി കശ്മീർ താഴ്‌വരയിൽ നിന്നും നിഷ്കാസിതരായ ഇവർ ഇന്ത്യയുടെ പല ഭാഗങ്ങളിലായി കഴിയുന്നു. 

അക്ബർ ചക്രവർത്തി അദ്ദേഹത്തിന്റെ ഭരണത്തിന് കീഴിൽ ജോലി ചെയ്തിരുന്ന ബുദ്ധിമാന്മാരായ ബ്രാഹ്മണ സമൂഹത്തിനു "പണ്ഡിറ്റ്‌" എന്നു പുരസ്‌ക്കാര രൂപത്തിൽ നാമകരണം നൽകിയത്.

പിന്നീട് പലരുടെയും നിർബന്ധിത തീരുമാനങ്ങളാൽ താഴ്‌വരയിൽ നിന്നും ഇല്ലാതായി തീർന്നവർ. 

1947 ഇൽ താഴ്‌വരയുടെ ജനസംഖ്യയുടെ ഏകദേശം 15% ഉണ്ടായിരുന്ന പണ്ഡിറ്റുകൾ ഇന്ന് 0.1% ആയി കുറഞ്ഞതായി കണക്കാക്കുന്നു.

പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാരുകൾ പല തരത്തിലുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും അതിനൊന്നും വേണ്ട രീതിൽ ഫലപ്രാപ്തിയിലെത്താൻ കഴിഞ്ഞില്ല എന്നു തന്നെ പറയേണ്ടി വരും. 

ആർട്ടിക്കിൾ 35 എ യും ആർട്ടിക്കിൾ 370 ഉം ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്. വി ദ സിറ്റിസൺ എന്ന എൻ ജി ഒ ഈ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

ലോകത്തു ഏറ്റവും കൂടുതൽ സൈനിക സാന്നിധ്യമുള്ള സംസ്ഥാനത്തു, ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ് എന്നു നെഹ്‌റു പറഞ്ഞ ഈ സംസ്ഥാനത്തെ ജനങ്ങൾക്കും നിറങ്ങളുണ്ട്, പ്രണയമുണ്ട്,  സ്വപ്നങ്ങളുണ്ട്. തോക്കിന്റെയും സ്ഫോടനങ്ങളുടെയും കാഴ്ചയില്ലാത്ത ചോരയുടെ മണമില്ലാതെ ലോകം സ്വർഗം എന്നു വിളിക്കുന്ന ഈ ഭൂമിയിൽ മറ്റാരുടെയും താൽപര്യങ്ങൾക്കു വഴങ്ങാതെ ജീവിക്കാൻ അവകാശവുമുണ്ട്, അവർക്ക് മികച്ച തൊഴിലവസരങ്ങൾ വേണം, ഭൂമിയിലെ സ്വർഗം തേടിയെത്തുന്ന ടൂറിസ്റ്റു കളെ വേണം കൂടെ മികച്ച ഒരു ജീവിതവും. 

ഗാന്ധിജി യുടെ വാക്കുകളിൽ പറഞ്ഞാൽ "ആദ്യം നിങ്ങളെ അവർ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ പുച്ഛിക്കും, പിന്നെ ആക്രമിക്കും എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം"

Comments

  1. ഇനി ഇപ്പോൾ എല്ലാവർക്കും കയറി ഇറങ്ങാം എന്നാണോ ഇതിനർത്ഥം

    ReplyDelete

Post a Comment